വരന്തപ്പിള്ളി ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതി
തൃശ്ശൂർ ജില്ലയുടെ കിഴക്കേ അതിർത്തിയിലാണ് വരന്തരപ്പിള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 22 വാർഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. മുപ്ലിയം, നന്തിപുലം, വരന്തരപ്പിള്ളി എന്നീ മൂന്ന് വില്ലേജുകളിലായി ഇവ വ്യാപിച്ചു കിടക്കുന്നു. നന്തിപുലം വില്ലേജിൽ 16,18,19,20 വാർഡുകളും വരന്തരപ്പിള്ളി വില്ലേജിൽ 1 മുതൽ 3 ഉൾപ്പെടെയുള്ള വാർഡുകളും, 12, 13,17,21,22 എന്നീ വാർഡുകളും, മുപ്ലിയം വില്ലേജിൽ 10,11,14,15 എന്നീ വാർഡുകളും ഉൾക്കൊള്ളുന്നു. പുതുക്കാട് നിയോജകമണ്ഡലത്തിൽ വരുന്ന ഈ പഞ്ചായത്ത് കൊടകര ബ്ലോക്കിൻ്റെ പരിധിയിലാണ് വരുന്നത്.
കിഴക്ക് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അളഗപ്പനഗർ, പുതുക്കാട് എന്നീ പഞ്ചായത്തുകളും തെക്ക് മറ്റത്തൂർ പഞ്ചായത്തും വടക്ക് അളഗപ്പനഗർ, പുത്തൂർ, തൃക്കൂർ എന്നീ പഞ്ചായത്തുകളുമാണ് ഈ പഞ്ചായത്തിൻ്റെ നാല് അതിരുകൾ.
1976 -ൽ കേന്ദ്രമന്ത്രിയായിരുന്ന ജഗ്ജീവൻറാം തറക്കല്ലിട്ട് 1996 മാർച്ച് 5 ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഏ.കെ ആൻ്റണി രാഷ്ട്രത്തിനായി സമർപ്പിച്ച ചിമ്മിനി ജലസേചനപദ്ധതി ഇന്ത്യൻ ഭൂപടത്തിലെ ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ച ഒന്നാണ്. മലനിരകളാലും താഴ്വരകളാലും പ്രകൃതിരമണീയമായ ഈ കേന്ദ്രം വിനോദസഞ്ചാരികളുടെ പറുദീസയാണ്. രാഷ്ട്രചരിത്ര രേഖകളിൽ സ്ഥാനം പിടിച്ച ഈ അണക്കെട്ടിനോട് ചേർന്ന വനപ്രദേശം ഒരു വന്യമൃഗ സംരക്ഷണകേന്ദ്രം കൂടിയാണ്. കേരളത്തിലെന്നല്ല ഇന്ത്യയിലെ വനാന്തരങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പല അപൂർവ്വ വന്യജീവികളാലും പക്ഷിജാല ങ്ങളാലും സമ്പുഷ്ടമാണ് ഈ വനപ്രദേശം. പ്രകൃതിയുടെ ഈ അപൂർവ്വ വരദാനം ഉൾക്കൊള്ളുന്ന ചിമ്മിനിഡാം വരന്തരപ്പിള്ളി പഞ്ചായത്തിലാണ് എന്നത് പഞ്ചായത്തിന് അഭിമാനാർഹമാണ്.
കിഴക്ക് പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിച്ച് ചിമ്മിനിഡാമിനെ സമ്പുഷ്ടമാക്കി ഒഴുകിയെത്തുന്ന കുറുമാലിപ്പുഴ, കാരിക്കുളം ദേശത്ത് രണ്ടാറ്റുമുഖത്തെത്തുമ്പോൾ മുപ്ലിപുഴയുമായി സംഗമിച്ച് കാർഷികമേഖലയെ സമ്പന്നമാക്കി പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി ജീവനാഡിയായി ഒഴുകുന്നു.
ഭൂപ്രകൃതിയനുസരിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിനെ ഏഴ് മേഖലകളായി തരം തിരിക്കാം
1.ഉയർന്ന മലനിരകൾ
2.കുത്തനെയുള്ള ചെരിവ്
3.ഇടത്തരം ചെരിവ്
4.സമതലം
5.താഴ്വര
6.പുഴ
7.ചെറുതോട്
ഉയർന്ന മലനിരകളിൽ പ്രധാനമായും തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മുത്തുമലയും, തെക്ക് മാട്ടുമലയും കിഴക്ക് മുനിയാട്ടുകുന്നും വടക്കുപടിഞ്ഞാറായി കോരനൊടി മലയും കിഴക്കായി പാലപ്പിള്ളി മലയുമാണ്.
പഞ്ചായത്തിലെ ഏകപുഴ പശ്ചിമഘട്ടമലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന കുറുമാലി പുഴയാണ്. ഈ പുഴയിൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉത്ഭവിച്ചെത്തുന്ന ചെറുതോടുകളായ വലിയതോട്, പിള്ളതോട്, കാനത്തോട്, കരയാംപാടം തോട്, കുട്ടോലിപ്പാടം തോട്, കുരിയാടിതോട് എന്നിവയും കൂടിച്ചേർന്ന് കുറുമാലിപ്പുഴയെ കൂടുതൽ ധന്യമാക്കുന്നു.
പതിനായിരത്തി മുന്നൂറ് ഹെക്‌ടറാണ് ഈ പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം. ഇതിൽ 7861.23 ഹെക്‌ടർ ഭൂമി ഹാരിസൺസ് മലയാളം ലിമിറ്റഡും, കൊച്ചിൻ മലബാർ എസ്റ്റേറ്റ് & ഇൻഡസ്ട്രീസ് ലിമിറ്റഡ് - ഉം ഉൾക്കൊള്ളുന്ന റബ്ബർ എസ്റ്റേറ്റ് മേഖലയാണ്.